കാഞ്ഞിരപ്പള്ളി: അമിതവേഗത്തില്‍ തെറ്റായ ദിശയില്‍ കയറിവന്ന കെഎസ്ആര്‍ടിസി ബസ് സ്വകാര്യ ബസിലും കാറിലും ഇടിച്ച് 10 പേര്‍ക്ക് പരിക്കേറ്റു. ബസിലെ യാത്രക്കാരായ സുനി (43), സോണി (44), കുഞ്ഞുമേരി (54), ജിസ്മി (20) എന്നിവരും നിസാര പരിക്കേറ്റ മറ്റുള്ളവരും കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലുമായി ചികിത്സ തേടി.
ഇന്നലെ രാവിലെ 8.30ഓടെ കാഞ്ഞിരപ്പള്ളി-ഈരാറ്റുപേട്ട റോഡില്‍ ആനക്കല്ല് തടിമില്ലിന് സമീപമായിരുന്നു അപകടം. കാഞ്ഞിരപ്പള്ളി ഭാഗത്തുനിന്ന് മാനന്തവാടിക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസ് അമിതവേഗത്തില്‍ കാറിനെ മറികടന്നെത്തിയപ്പോള്‍ കാഞ്ഞിരപ്പള്ളി ഭാഗത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസില്‍ തട്ടുകയായിരുന്നു.
നേരിട്ടുള്ള ഇടി ഒഴിവാക്കാന്‍ സ്വകാര്യ ബസ് അരികിലേക്ക് ഒതുക്കിയപ്പോള്‍ റോഡിന്റെ സമീപത്തുണ്ടായിരുന്ന കലുങ്കിലെ സംരക്ഷണഭിത്തിയിലിടിച്ച് സംരക്ഷണഭിത്തി ഇളകിമാറിയ നിലയിലാണ്.
ആറ്റിങ്ങല്‍ ചിറയിന്‍കീഴ് സ്വദേശികള്‍ സഞ്ചരിച്ചിരുന്ന കാറിലാണ് കെഎസ്ആര്‍ടിസി ബസ് ഇടിച്ചത്. കെഎസ്ആര്‍ടിസി ബസ് അശ്രദ്ധമായി കയറി വന്നതാണ് അപകടത്തിന് കാരണമെന്ന് അപകടസ്ഥലത്തുണ്ടായിരുന്നവര്‍ പറഞ്ഞു. കെഎസ്ആര്‍ടിസി തിരുവനന്തപുരം ഡിപ്പോയിലെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം ബസാണ് അപകടത്തില്‍പ്പെട്ടത്.